സ്വന്തം ലേഖകന്‍: റഫാലില്‍ മോദി സര്‍ക്കാറിന് തിരിച്ചടി: ചോര്‍ന്നുകിട്ടിയ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് കോടതി; ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ മോദിയെ വെല്ലുവിളിച്ച് രാഹുല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. പുതുതായി പുറത്തുവന്ന രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് കോടതി.
ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഈ എതിര്‍പ്പ് കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റഫാലുമായി ബന്ധപ്പെട്ട് ദ ഹിന്ദു പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ തെളിവായി സ്വീകരിക്കുന്നതിനെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന ഹരജി പരിഗണിക്കവേയാണ് രേഖകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു ചോദ്യമുയര്‍ന്നത്.
‘ദ ഹിന്ദു’ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാവല്ക്കാരന് മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റഫാലിലെ പുനപരിശോധനാ ഹരജികള്‍ സ്വീകരിച്ചുകൊണ്ടുള്ള കോടതി ഉത്തരവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല