സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയില്‍ പറന്നു; വലിപ്പം ഒരു ഫുട്‌ബോള്‍ മൈതാനത്തോളം. ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയിലെ മൊഹാവി മരുഭൂമിയിലൂടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. ഒരു അമേരിക്കന്‍ ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഈ വിമാനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ശനിയാഴ്ച്ച രാവിലെ പസഫിക് സമയം 7 മണിക്ക് പറന്നുയരുകയും 2 മണിക്കൂറിലധികം ആകാശത്ത് പറക്കുകയും സുരക്ഷിതമായി മൊഹാവിയില്‍ തിരിച്ചിറങ്ങുകയും ചെയ്തു. ഇത് വളരെ നല്ലൊരു തുടക്കമാണെന്ന് സ്ട്രാറ്റോലോഞ്ച് സി.ഇ.ഒ ജീന്‍ ഫ്‌ളോയ്ഡ് കമ്പനി വെബ്‌സൈറ്റില്‍ കുറിച്ചു.
ചിറകളവിന്റെ കണക്കിലാണ് പോള്‍ അലന്‍ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് രൂപം നല്‍കിയ ‘റോക്’ എന്ന ധവളനിറമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിലെ സാങ്കേതിക വിദ്യകളോട് കിടപിടിക്കുന്ന തരത്തില്‍ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന വെസ്സലുകള്‍ നിര്‍മ്മിക്കാനുള്ള ഫണ്ടിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് കമ്പനി.
1975 ല്‍ മൈക്രോസോഫ്റ്റിന്റെ കണ്ടെത്തലില്‍ ബില്‍ഗേറ്റിനൊപ്പമുണ്ടായിരുന്ന അലന്‍ 2011ല്‍ ഈ സ്ട്രാറ്റോലോഞ്ചിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അറിയിച്ചിരുന്നു. നൂതനവും ചെലവ് കുറഞ്ഞതുമായ ഉപഗ്രഹ, പേടക വിക്ഷേപണത്തിന് പറ്റിയ വിമാനമായാണ് റോക്കിനെ അലന്‍ വിഭാവന ചെയ്തത്. 5 ലക്ഷം പൗണ്ട് വരെ ഭാരമുള്ള റോക്കറ്റുകളും ബഹിരാകാശ പേടകങ്ങളും ഏതാണ്ട് 35000 അടി ഉയരത്തിലെത്തിക്കാന്‍ റോക്കിന് കഴിയും. 2020ല്‍ റോക് ആദ്യ റോക്കറ്റ് വിക്ഷേപിക്കുമെന്ന് സ്ട്രാറ്റോലോഞ്ച് അറിയിച്ചു. റോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായിരിക്കെ 2018 ഒക്ടോബറില്‍ നോണ്‍ഹോഡ്ക്കിന്‍സ് ലിംഫോമ ബാധിച്ച് അലന്‍ അന്തരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല