സ്വന്തം ലേഖകന്‍: കൊഞ്ചിക്കാന്‍ പോയ വിനോദസഞ്ചാരിയുടെ കൈ കടിച്ചു പറിച്ച് സിംഹം; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ വൈറല്‍. കമ്പിവേലിക്കുള്ളിലൂടെ കൈ കടത്തി സിംഹത്തിനെ ഓമനിച്ചയാളുടെ കൈ സിംഹം കടിച്ചുകീറി. ഭാര്യയുമൊത്ത് പത്താം വിവാഹവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വിനോദസഞ്ചാരത്തിനെത്തിയ അന്‍പത്തഞ്ചുകാരനായ പീറ്റര്‍ നോട്ട്‌ജെയ്ക്കാണ് സിംഹത്തിന്റെ കടിയേറ്റത്.
സിംഹങ്ങളുടെ സ്വൈര്യവിഹാരമേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ പീറ്റര്‍ അതിര്‍ത്തിയിലുള്ള കമ്പി വേലിക്കിടയിലൂടെ കൈ കടത്തി ആദ്യം ആണ്‍സിംഹത്തെ തലോടി. തലോടുന്നതിനൊപ്പം ‘നീയെന്നെ കടിച്ചാല്‍ ഞാനും തിരിച്ച് കടിയ്ക്കു’മെന്ന് സിംഹത്തോട് പറയുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ആണ്‍സിംഹത്തെ ഓമനിക്കുന്നതിനിടെ സമീപത്തെത്തിയ പെണ്‍സിംഹത്തെ തലോടാന്‍ ശ്രമിക്കുമ്പോള്‍ സിംഹം പൊടുന്നനെ കൈയില്‍ കടിക്കുകയായിരുന്നു. ശക്തിയായി കടിച്ച് വലിച്ച് പീറ്ററിനെ ഉള്ളിലേക്കാക്കാനും സിംഹം ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന പീറ്ററിന്റെ ഭാര്യ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഏതാനും നിമിഷങ്ങള്‍ക്കകം സിംഹം കടി വിട്ടു. ഉടനെ തന്നെ പീറ്ററിനെ ആശുപത്രിയിലേക്ക് മാറ്റി. വിനോദസഞ്ചാരകേന്ദ്രത്തില്‍ മിക്കയിടങ്ങളിലും മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അത് വകവെയ്ക്കാതെയാണ് പീറ്റര്‍ കമ്പിവേലിക്കുള്ളിലേക്ക് കൈയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അണുബാധയുണ്ടായ പീറ്ററിന്റെ നില ഗുരുതരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല