സ്വന്തം ലേഖകന്‍: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്; വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ കേസില്‍ കുടുക്കുമെന്ന് മുന്‍ ജീവനക്കാരി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസിനെതിരായ പരാതി പരിഗണിക്കാന്‍ സുപ്രീം കോടതി അടിയന്തരമായി ചേര്‍ന്നു. പരാതി അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരോപിച്ചു. ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ പരാതി വാര്‍ത്തയായ സാഹചര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അസാധാരണമായ സിറ്റിങ് നടത്തിയത്. തനിക്ക് ചില കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് തുടങ്ങിയത്.
10.40ന് ആരംഭിച്ച സിറ്റിങില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അരുണ്‍ മിശ്ര എന്നിവരുമുണ്ടായിരുന്നു. ലൈംഗികാരോപണത്തിന് പിന്നില്‍ ചീഫ് ജസ്റ്റിസിന്റ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരോപിച്ചു. ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ട്. ആരോപണം ഉന്നയിച്ച സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. തന്റ പ്രതിഛായ കളങ്കപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു. താനുള്‍പ്പെടാത്ത മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വിവേകം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല