സ്വന്തം ലേഖകന്‍: മുള്ളര്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത് വിനയായി; ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ്. ട്രംപിന്റെ ഭരണം മികച്ചതെന്നു പറയുന്നവരുടെ എണ്ണം 37 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മധ്യത്തില്‍ നടന്ന സര്‍വേയില്‍ 40 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു.
വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ റോയിട്ടേഴ്സും ഇപ്സോസും ചേര്‍ന്ന് ഓണ്‍ലൈന്‍ സര്‍വേ നടത്തുകയായിരുന്നു. സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി 448 പേജുള്ള റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച കോണ്‍ഗ്രസിനു സമര്‍പ്പിച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണടീമും റഷ്യന്‍ സംഘവും തമ്മില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിനു തെളിവില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ട്രംപ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സൂചനകള്‍ പലഭാഗത്തായി നല്‍കിയിട്ടുണ്ട്. എന്നാല്‍, ട്രംപ് അന്വേഷണം തടസപ്പെടുത്താന്ശ്രമിച്ചുവെന്ന നിഗമനത്തില്‍ എത്തുന്നില്ലതാനും.
ട്രംപിനെ കുറ്റവിമുക്തനാക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതികരിച്ചു. അതേസമയം, ഈ റിപ്പോര്‍ട്ട് ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൗസ് ജുഡീഷറി കമ്മിറ്റി ചെയര്‍മാനും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ ജെറി നാഡ്ലര് ഉത്തരവിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല