സ്വന്തം ലേഖകന്‍: ‘കാലത്തിന്റെ കൈനീട്ടം; ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. പ്രിയ ലാലേട്ടന് ആശംസകള്‍,’ സംവിധായകനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന് മഞ്ജു വാര്യരുടെ ആശംസ. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജു ആശംസകള്‍ നേരുന്നത്. ‘ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന് സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍….!’ മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരാധകര്‍ക്കൊപ്പം സിനിമാലോകവും മോഹന്‍ലാലിനെ സംവിധായകവേഷമണിഞ്ഞു കാണുവാനുള്ള ആകാംക്ഷയേറിയ കാത്തിരിപ്പിലാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി നരവധി താരങ്ങളാണ് മഹാനടന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത പങ്കുവച്ചുകൊണ്ടു പൃഥ്വിരാജ് കുറിച്ചതിങ്ങനെ.
‘എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും… ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി…’
വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആഹ്ലാദാവേശത്തിലാണ് സോഷ്യല്‍മീഡിയയും. ഉദയനാണ് താരം എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കു വെച്ചും വാട്സാപ്പ് സ്റ്റാറ്റസാക്കിയുമാണ് ആരാധകര്‍ വാര്‍ത്ത ആഘോഷിക്കുന്നത്. ചിത്രത്തില്‍ ലാല്‍ ചെയ്ത ഉദയഭാനു എന്ന സംവിധായകന്റെ വേഷം ഏറെ ജനപ്രീതി നേടിയിരുന്നു.
നാല് പതീറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതയാത്രയില്‍ മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ ശ്രദ്ധിച്ചതും ഏറ്റെടുത്തിരിക്കുന്നതും. പുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ബറോസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയുടെ സംവിധായകന് ജിജോയുടെ സ്വപ്നമാണ് ഒരു ലോക സിനിമ ചെയ്യണമെന്നതെന്നും അദ്ദേഹവുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സൗഹൃദ സംഭാഷണത്തില്‍ അദ്ദേഹം പങ്കു വെച്ച ഒരു ഇംഗ്ലീഷ് കഥയാണ് സിനിമയ്ക്ക് ആധാരമായതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല