1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2019

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സ്‌ഫോടനത്തിന് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത്; ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ വീണ്ടും സ്‌ഫോടനം. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും.

പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അതേ സമയം അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവര്‍ക്ക് സ്‌ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ രാജ്യത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഘം മാത്രമാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌നെ പറഞ്ഞു. അന്താരാഷ്ട ബന്ധമില്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ സാധിക്കില്ലായിരുന്നുവെന്നും സേനരത്‌നെ പറഞ്ഞു.

ഇതിനിടെ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 290 ആയി. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുള്‍പ്പടെ എട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ഒരു മലയാളിയടക്കം നിരവധി ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എച്ച്.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസര്‍ഗോഡ് സ്വദേശി റസീന ഖാദര്‍ മരിച്ചെന്ന് കുടുംബാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിന്‍ ശ്രീലങ്കന്‍ പൗരത്വമുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.