സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തടാകത്തില്‍ ഭീതി പരത്തി കൊലയാളി മീനുകളായ ആമസോണ്‍ പിരാനകള്‍; തടാകത്തില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. ഉഷ്ണമേഖലാ പ്രദേശമായ ആമസോണിലെ പിരാനകള്‍ താരതമ്യേന തണുപ്പേറിയ ബ്രിട്ടനിലെ മാര്ട്ടിന് വെല്‍സ് തടാകത്തില്‍ അതിജീവിക്കുന്നു എന്നതാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു വസ്തുത. ചത്ത നിലയിലാണ് ഈ പിരാനകളുടെ സാന്നിധ്യം തടാകത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്. രണ്ട് തവണയാണ് ചത്തു പൊങ്ങിയ പിരാനകളെ ഈ തടാകത്തില്‍ കണ്ടെത്തിയത്.
ആദ്യം കരുതിയത് ആരോ വളര്‍ത്തിയ പിരാനകള്‍ ചത്ത് പോയപ്പോള്‍ കുളത്തില്‍ ഉപേക്ഷിച്ചതാണെന്നാണ്. പക്ഷെ വൈകാതെ തടാകത്തിലെ മറ്റു ചില മാറ്റങ്ങള്‍ പ്രദേശവാസകള്‍ ശ്രദ്ധിച്ചു തുടങ്ങി. തടാകത്തില്‍ എല്ലാ വസന്തകാലത്തും എത്തിച്ചേരാറുള്ള താറാവുകളുടെ എണ്ണത്തില്‍ ഏതാനും നാളുകള്‍ക്കു ശേഷം ഗണ്യമായ കുറവുണ്ടായതാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തടാകത്തില്‍ സ്ഥിരമായി ചൂണ്ടിയിടുന്നവരും മത്സ്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി നിരീക്ഷിച്ചു.
ഇതോടെയാണ് തടാകത്തില്‍ പിരാനകള്‍ ഉണ്ടായിരിക്കാമെന്ന സംശയം പ്രദേശവാസികളില്‍ ഉണ്ടായത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ തടാകത്തില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുതെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്കി. തടാകത്തില്‍ പിരാനകളുണ്ടെങ്കില്‍ ഇവയെ എങ്ങനെ പൂര്‍ണമായും ഒഴിവാക്കും എന്നതാണ് അധികൃതരെ വലയ്ക്കുന്ന ചോദ്യം.
ഇത്രയും തണുപ്പേറിയ കാലാവസ്ഥയില്‍ പിരാനകള്‍ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ബ്രിട്ടനിലെ പരിസ്ഥിതി ഏജന്‍സിയിലെ ഗവേഷകര്‍ വിശ്വസിക്കുന്നത്. ഏതായാലും തടാകത്തില്‍ വിശദമായ പഠനം നടത്താനുള്ള തയാറെടുപ്പിലാണ് ഈ ഗവേഷകര്‍. ആമസോണിലെ പിരാനകള്‍ അവയുടെ ആകമണ സ്വഭാവം കൊണ്ട് കുപ്രസിദ്ധി നേടിയവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല