സ്വന്തം ലേഖകന്‍: കഴിവ് തെളിയിക്കാമോ? 5 വര്‍ഷത്തെ വിസ തരാന്‍ യു.എ.ഇ തയ്യാര്‍! ബിസിനസ് സംരംഭകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കും യു.എ.ഇയില്‍ ഇനി അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 10, 5 വര്‍ഷത്തെ വിസകള്‍ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചത്.
നിക്ഷേപകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുമാണ് അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുക. കഴിഞ്ഞവര്‍ഷം വരെ രണ്ടോ, മൂന്നോ വര്‍ഷം ദൈര്‍ഘ്യമുള്ള താമസ വിസകളാണ് യു.എ.ഇയില്‍ അനുവദിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് അഞ്ചുവര്‍ഷത്തെ വിസക്ക് പ്രോപ്പര്‍ട്ടിയില്‍ അഞ്ച് ദശലക്ഷം ദിര്‍ഹമിന്റെ നിക്ഷേപം വേണം.
സംരംഭകരാണെങ്കില്‍ കുറഞ്ഞത് അഞ്ചുലക്ഷം ദിര്‍ഹമിന്റെ ബിസിനസ് പദ്ധതി വേണം. യു.എ.ഇയില്‍ ബിസിനസ് സൗകര്യങ്ങള്‍ നല്‍കുന്ന അതോറിറ്റികളുടെ അനുമതിയുള്ളവര്‍ക്കും അഞ്ചുവര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസ അനുവദിക്കും. ബിസിനസ് ആരംഭിക്കുന്ന മുറക്ക് പത്തുവര്‍ഷത്തെ നിക്ഷേപ വിസക്ക് ശ്രമിക്കാം. പക്ഷെ, പത്തുവര്‍ഷത്തെ വിസക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. സെക്കന്‍ഡറി സ്‌കൂളില്‍ 95 ശതമാനത്തിലേറെ മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കും അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. സര്‍വകലാശാല ബിരുദത്തില്‍ 3.75 ജി.പി.എ പോയന്റുള്ളവര്‍ക്കും ഇതിന് യോഗ്യതയുണ്ടാകും.
ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്ക് പത്തുവര്‍ഷത്തെ വിസക്ക് അപേക്ഷിക്കാം. പത്ത് ദശലക്ഷം ദിര്‍ഹത്തില്‍ കുറയാതെ ബിസിനസില്‍ നിക്ഷേപമുള്ളവര്‍ക്കും പത്തുവര്‍ഷത്തെ വിസക്ക് യോഗ്യതയുണ്ട്. ദീര്‍ഘകാല വിസയിലുള്ളവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല