സ്വന്തം ലേഖകന്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഈസ്റ്റര്‍ അവധി കഴിഞ്ഞാല്‍ മിന്നുകെട്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണും അവരുടെ പങ്കാളിയായ ക്ലാര്‍ക്ക് ഗെഫോര്ഡും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈസ്റ്റര്‍ അവധിക്കുശേഷം ഇരുവരും വിവാഹിതരാവുമെന്ന് ആര്ഡേണിന്റെയും ഗേഫോര്‍ഡിന്റെയും വക്താവ് അറിയിച്ചു. വിവാഹചടങ്ങിന്റെ തിയ്യതിയെക്കുറിച്ച് തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷന്‍ അവതാരകനായിരുന്നു ഗെഫോര്ഡ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. പ്രധാനമന്ത്രിയായിരിക്കെ കഴിഞ്ഞ ജൂണിലാണ് ജസിന്‍ഡ പ്രസവിച്ചത്. പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കുശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ പ്രസവിച്ച ഏക യുവതിയാണ് ജസിന്റെ.പിന്നീട് ന്യൂയോര്‍ക്കില്‍ യു.എന്‍ അസംബ്ലിയില്‍ മകളെയും കൊണ്ടുപോയ ജസിന്‍ഡ മാധ്യമശ്രദ്ധ നേടിയിരുന്നു.
മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ നടന്ന വെടിവെപ്പിനുശേഷം ജസിന്‍ഡ സ്വീകരിച്ച നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. ഹിജാബ് ധരിച്ചായിരുന്നു അവര്‍ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്. അസ്സലാമു അലൈക്കും എന്ന അഭിസംബോധനയോടെയാണ് ആക്രമണത്തിനുശേഷം ജസിന്‍ഡ പാര്‍ലമെന്റില്‍ സംസാരിച്ചു തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല