സ്വന്തം ലേഖകന്‍: ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്ട്ടന്. ഇറാന് വ്യക്തമായ സന്ദേശം നല്കി കൊണ്ട് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്എ. ഒരു വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മുന്നറിപ്പായിട്ടാണ് സൈനിക വിന്യാസം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് നാവിക സേനയുടെ സ്ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്എസ് എബ്രഹാം ലിങ്കന് എന്ന വിമാനവാഹിനി കപ്പലാണ് പശ്ചിമേഷ്യയിലെത്തുക.
അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് നേര്‍ക്കോ ഞങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നേര്‍ക്കോ ഏതെങ്കിലും തരത്തില്‍ ഇറാന്റെ ആക്രമണമുണ്ടായാല്‍ ശക്തമായി നേരിടുമെന്നതിനുള്ള വ്യക്തവും സ്പഷ്ടവുമായ മുന്നറിയിപ്പാണ് സൈനിക വിന്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജോണ്‍ ബോള്ട്ടന് വ്യക്തമാക്കി. ഇറാനിയന്‍ ഭരണകൂടവുമായി അമേരിക്ക യുദ്ധം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസാ മുനമ്പില്‍ പ്രക്ഷോഭകാരികളും ഇസ്രയേല്‍ സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹവുമായ് അമേരിക്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഗാസാമുനമ്പില്‍ വെള്ളിയാഴ്ചയാരംഭിച്ച സംഘര്‍ഷത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ട് പലസ്തീന് പൗരന്മാര് ഇതുവരെ കൊല്ലപ്പെട്ടതായി ഗാസാ അധികൃതര്‍ പറഞ്ഞു. പലസ്തീന് പ്രക്ഷോഭകാരികള്‍ 450 തവണ റോക്കറ്റുകളുപയോഗിച്ച് തങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല