സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മതപണ്ഡിതര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണം; 600 വിദേശികളെ പുറത്താക്കി. ശ്രീലങ്കയില്‍ മതപണ്ഡിതരെ വിലക്കുന്നു. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയില്‍നിന്ന് 200 മതപണ്ഡിതരടക്കം 600 വിദേശികളെ പുറത്താക്കി. എന്നാല്‍, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തര മന്ത്രി വജിറ അബയ്വര്‍ധന പറഞ്ഞു.
മതപണ്ഡിതര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയില്‍ വിസ ചട്ടങ്ങളില്‍ ഉടന്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുറത്താക്കിയത് ഏതു രാജ്യക്കാരെയാണെന്ന് മന്ത്രി പറഞ്ഞില്ല. സ്ഫോടനത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. കനത്ത സുരക്ഷയോടെയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
ന്യൂനപക്ഷ മുസ്ലിങ്ങളും സിന്ഹളകളും തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ സോഷ്യല്‍ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തി. വാട്സ് ആപ്പ്, ഫേസ്ബുക്ക്, വൈബര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഗോത്രവര്‍ഗ്ഗമായ സിംഹളക്കാരും തമ്മില്‍ ഏറെനാളായുണ്ടാകുന്ന കലാപത്തിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനം.
ന്യൂനപക്ഷവിഭാഗമായ മുസ്ലിം വംശജര്‍ ശ്രീലങ്ക കീഴടക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വലിയതോതില്‍ പ്രചാരണം നടന്നതിന് പിന്നാലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിനെതിരെയാണ് സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ തകര്‍ന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് വംശീയ കലാപങ്ങള്‍. തലസ്ഥാനമായ കൊളംബോയ്ക്ക് സമീപം, നാഗൊംബോയില് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്.സ്ഫോടനത്തില്‍ 359 പേര് കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല