സ്വന്തം ലേഖകന്‍: മേഗനും ഹാരിക്കും ആണ്‍കുഞ്ഞ്; ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതുതായി ഒരംഗം കൂടി; ഏഴാമത്തെ കിരീടാവകാശി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും ആണ്‍കുഞ്ഞു പിറന്നു. ഇന്നലെ രാവിലെയായിരുന്നു കുഞ്ഞുരാജകുമാരന്റെ ജനനം. തൂക്കം മൂന്നു കിലോ 200ഗ്രാം. ഹാരി തന്നെയാണു കുഞ്ഞുപിറന്ന വാര്‍ത്ത അറിയിച്ചത്.
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമക്കളില്‍ എട്ടാമനായി പിറന്നു വീണ കുഞ്ഞ് ബ്രിട്ടിഷ് സിംഹാസത്തിനുള്ള 7ാമത്തെ അവകാശിയാണ്. എലിസബത്ത് രാജ്ഞിക്കുശേഷം മകന്‍ ചാള്‍സ് രാജകുമാരനാണു രാജാവാകേണ്ടത്. അതു കഴിഞ്ഞാല്‍ ചാള്‍സിന്റെ മകനും ഹാരിയുടെ മൂത്ത സഹോദരനുമായ വില്യം രാജകുമാരന്‍. വില്യമിന്റെയും ഭാര്യ കെയ്റ്റിന്റെയും 3 മക്കളുടെ കൂടി ഊഴം കഴിഞ്ഞായിരിക്കും ഹാരിക്ക് രാജാവാകാന്‍ അവസരം. അതു കഴിഞ്ഞാല്‍ ഇപ്പോള്‍ പിറന്ന കുട്ടിക്കും.
അമേരിക്കയിലെ അറിയപ്പെടുന്ന നടി കൂടിയാണു മേഗന്‍ മാര്‍ക്കിള്‍. . പിതാവ് തോമസ് മാര്‍ക്കിള്‍ വെള്ളക്കാരനും അമ്മ ഡോറിയ റാഡ്‌ലന്‍ ആഫ്രിക്കന്‍–അമേരിക്കന്‍ വംശജയും. ഹാരിക്ക് ഡ്യൂക്ക് ഓഫ് സസക്‌സ് എന്നും മേഗന് ഡച്ചസ് ഓഫ് സസക്‌സെന്നുമാണ് ഔദ്യോഗിക സ്ഥാനപ്പേരുകള്‍. ഇവരുടെ കുഞ്ഞിന് ‘രാജകുമാരന്‍’ എന്നു കൂടി പേരിനൊപ്പം ചേര്‍ക്കണമെങ്കില്‍ ചട്ടപ്രകാരം എലിസബത്ത് രാജ്ഞിയുടെ അനുവാദം വേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല