സ്വന്തം ലേഖകന്‍: ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പോളിങ് ആരംഭിച്ചു. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാര്‍ഖണ്ഡില്‍ നാലും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും. നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്. അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവരാണ് യുപിയില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര് നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്, ബോക്സിങ് താരം വിജേന്ദ്രസിങ്, ബിജെപിക്കായി കേന്ദ്ര മന്ത്രി ഹര്ഷവര്ധന്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളില്‍ വ്യാപകമായി അക്രമങ്ങളും ബൂത്തുപിടിത്തവും അരങ്ങേറിയ പശ്ചിമബംഗാളില്‍ പോളിങ്ങ് ദിനത്തിലെ സുരക്ഷക്കായി 77 കമ്പനി സേനയെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല