സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം വര്‍ധിപ്പിച്ചാല്‍ ചൈനയ്ക്കു ചുട്ട തിരിച്ചടി നല്കുമെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി രണ്ടു മണിക്കൂറിനകം ചൈന ചുങ്കം കൂട്ടി. 6000 കോടി ഡോളറിനുള്ള യുഎസ് ഉത്പന്നങ്ങള്‍ക്കു ജൂണ്‍ ഒന്നിനാണ് 25 ശതമാനം ചുങ്കം ബാധകമാകുക.
ചൈനയാണ് വാണിജ്യ കരാറിനായുള്ള ചര്‍ച്ചയില്‍നിന്നു പിന്മാറുന്നതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് വ്യക്തമാക്കിയതോടെ ഗുരുതരമായ വാണിജ്യ യുദ്ധത്തിനാണു ലോകം സാക്ഷിയാകുന്നത്. ചൈനയില്‍നിന്നുള്ള മുഴുവന്‍ ഇറക്കുമതിക്കും അമേരിക്ക 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യം പ്രഖ്യാപിച്ച 20,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് ഈ മാസാവസാനം പുതിയ നിരക്ക് ബാധകമാകും. ബാക്കിയുള്ളവയ്ക്ക് എന്നു മുതലാണ് ചുങ്കം എന്നു പ്രഖ്യാപിക്കാനിരിക്കുന്നതേ ഉള്ളൂ.
വാണിജ്യയുദ്ധവും പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയുമായി സംഘര്‍ഷഭീതി ഉടലെടുത്തതും കന്പോളങ്ങളെ ഉലച്ചു. ഓഹരികള്‍ ഇടിഞ്ഞു. രൂപയുടെ നിരക്ക് താണ് ഡോളറിന് 70.53 രൂപയായി. സ്വര്‍ണവില ഔണ്‍സി (31.1 ഗ്രാം) ന് 1300 ഡോളറിലെത്തി. ക്രൂഡ് ഓയില്‍ വിലയും കൂടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല