വാഹന ഉടമകള്‍ക്ക് നേരിയ ആശ്വാസമായി ബ്രിട്ടനിലെ പെട്രോള്‍ കമ്പനികള്‍ തങ്ങളുടെ പെട്രോള്‍ വില കുറച്ചു തുടങ്ങി. അസ്‌ഡയും മോറിസണും അണ്‍ലെഡഡ് പെട്രോള്‍ ഒരു ലിറ്ററിന് രണ്ടു പെന്‍സം ഒരു ലിറ്റര്‍ ഡീസലിന് ഒരു പെന്‍സും ആണ് വില കുറച്ചിട്ടുള്ളത്. അതേസമയം ടെസ്കോ അണ്‍ലെഡഡിനു ഒരു പെന്‍സാണ് വില കുറച്ചിരിക്കുന്നത് ഇതിന്റെയൊപ്പം അവര്‍ വരുന്ന സെപറ്റംബറിനു മുന്‍പ് അവരുടെ ക്രെഡിറ്റ് കാര്‍ഡു എടുക്കുന്നവര്‍ക്ക് ഇന്ധനം നിറയ്ക്കുമ്പോള്‍ 5 പൌണ്ട് കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട് പക്ഷെ കുറഞ്ഞത് 20 പൌണ്ടിനെങ്കിലും ഇന്ധനം നിറച്ചാലെ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. മറ്റു കമ്പനികള്‍ ഉടനേ വില കുറയ്‌ക്കേണ്ടിവരുമെന്നു കരുതപ്പെടുന്നു. വിവിധ തരം വിലക്കയറ്റങ്ങളിലും ശമ്പള വര്‍ധന ഇല്ലാത്തതിലും ബുദ്ധിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകരുന്ന നടപടിയാണ് ഇത്. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം മൂലം കഴിഞ്ഞ പത്തു ദിവസമായി ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുവന്നതിനെതുടര്‍ന്നാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്.
മേയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 115 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 85 ഡോളര്‍ ആയിരിക്കുന്നതിനാല്‍ ലോക വ്യാപകമായി ഗ്യാസ് വിലയും താഴാനാണു സാധ്യത. ബ്രിട്ടനിലെ ഗ്യാസ് കമ്പനികള്‍ വിന്ററിനു മുന്‍പ് ഗ്യാസ് വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത് അനവസരത്തിലാകാനാണു സാധ്യത. പെട്രോള്‍ കമ്പനികള്‍ വന്‍ തോതില്‍ ലാഭം ഉണ്ടാക്കുന്നതിനിടെയും വിലവര്‍ധിപ്പിക്കുന്നത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബ്രിട്ടീഷ് പെട്രോളിയം, ഷെല്‍ എന്നിവ വലിയ ലാഭം കൊയ്യുന്നതിനിടയിലും പെട്രോള്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു എണ്ണകമ്പനിയായ സെയിന്‍സ്‌ബറി തങ്ങളുടെ ഇന്ധന വില കുറയ്ക്കുന്നതുമായ് ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തു വിട്ടിട്ടില്ല. സെയിന്‍സ്‌ബറിയുടെ വക്താവ് പറഞ്ഞത് ഞങ്ങള്‍ക്കറിയാം ഉയര്‍ന്ന നിരക്കുകള്‍ കുടുബ ബഡ്ജറ്റിനെ തകിടം മറിക്കുന്നത് എന്നാണ്, വൈകാതെ തന്നെ ഇവരും ഇന്ധന വില കുറച്ചേക്കും.
ജൂണ്‍ വരെയുള്ള മൂന്നു മാസത്തില്‍ ഷെല്‍ 4.9 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാക്കി. 77 ശതമാനം ലാഭം. ഇതേ കാലയളവില്‍ ബി.പിയുടെ ലാഭം 3.2 ബില്യണ്‍ പൗണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മെക്‌സിക്കോ ഉള്‍ക്കടലിലെ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്ന് 10 ബില്യണ്‍ പൗണ്ടിലധികം നഷ്ടമായിരുന്നു അവര്‍ക്ക്. വിലക്കുറവിനെ ഓട്ടോമൊബീല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്‌തു. ജൂണില്‍ ചുരുങ്ങിയ കാലത്തേക്ക് വരുത്തിയ വിലക്കുറവു പോലെയല്ലാതെ ഇത്തവണത്തെ വിലക്കുറവ് നീണ്ടു നില്‌ക്കട്ടെയെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചതാണ് ആഗോള വിപണിയില്‍ ഇന്ധനവില കുറയാന്‍ പ്രധാന കാരണം.
വാഹന ഉടമകള്‍ക്ക് നേരിയ ആശ്വാസമാണ് ഈ വിലക്കുറവെന്ന് എ.എയുടെ പോള്‍ വാട്ടേഴ്‌സ് പറഞ്ഞു. എന്നാല്‍, യഥാര്‍ഥ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പറ്റുന്നതരത്തിലല്ല, ഈ കുറവെന്ന് ഫെയര്‍ഫ്യുവല്‍ യു.കെയുടെ കാമ്പയ്‌ന്‍ വ്‌ക്താവ് പീറ്റര്‍ കാരള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുതുതായി തുടങ്ങിയ ഇ-പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ പെട്രോള്‍വില കുറയ്‌ക്കാനും അടുത്തവര്‍ഷം ഉദ്ദേശിക്കുന്ന ഡ്യൂട്ടിവര്‍ധന ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇവര്‍ പെറ്റീഷന്‍ നല്‌കിയിട്ടുണ്ട്. ഇതിന് ഒരു ലക്ഷം ഒപ്പു കിട്ടുകയാണെങ്കില്‍ ഇതു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടിവരും.
അതേസമയം രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും കുറഞ്ഞു. ന്യൂയോര്‍ക്ക് വിപണിയില്‍ ഇന്നലെ സെപ്‌റ്റംബര്‍ അവധിവ്യാപാരം നടന്നതു വീപ്പയ്‌ക്ക് 82.10 യു.എസ്. ഡോളറിനാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 79 സെന്റാണു കുറഞ്ഞത്. ലണ്ടനില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ 105.58 യു.എസ്. ഡോളറായിരുന്നു.
സെപ്‌റ്റംബര്‍ അവധി വ്യാപാരത്തില്‍ ഇവിടെ കുറഞ്ഞത് 1.10 ഡോളറാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് നാലു ശതമാനം തകര്‍ച്ച നേരിട്ടിരുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും സാമ്പത്തികസ്‌ഥിതിയിലുള്ള ആശങ്ക ഓഹരിവിപണിയില്‍ അനിശ്‌ചിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്. രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് പെട്രോള്‍ വില ലിറ്ററിന് 2 പെന്‍സ് ബ്രിട്ടനിലെ പ്രധാന എണ്ണക്കമ്പനികള്‍ കുറച്ചതിന് പുറകെയാണ് വീണ്ടും വില കുറഞ്ഞത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല