സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവ്; കുറ്റം മോഷണം. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയില്‍നിന്നും പണം കാണാതായ കേസിലാണ് മലയാളി അറസ്റ്റിലായത്. ഒരു ലക്ഷത്തി പതിനായിരം റിയാലായിരുന്നു കാണാതായത്.
കൂടെ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധനയില്‍ മോഷ്ടിച്ച തുക ഒളിപ്പിച്ചുവെച്ച നിലയില്‍ കുളിമുറിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന് ചികിത്സക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുമടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു. ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
അസീറിലെ സുഹൃത്തുക്കള്‍ സോഷൃല്‍ ഫോറം എക്‌സികൃൂട്ടീവ് മെംബറും സിസിഡബ്ലൃൂ മെംബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമ വശങ്ങള്‍ പഠിച്ച് അപ്പീല്‍ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല