സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ‘കൗ കിസ് ചലഞ്ച്’ തരംഗം; പണികിട്ടുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. ഇന്റര്‍നെറ്റിലെ പുതിയ ചലഞ്ചായ’കൗ കിസ്സിങ് ചലഞ്ചി ‘ല്‍ (Cow Kiss Challenge) നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചു. തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്. സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്.
കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ സംഗതിയാണെന്ന് ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളായ ടൂറിസവും കന്നുകാലിവളര്‍ത്തലും സമതുലിതമായി കൊണ്ടുപോകുക എന്നത് സര്‍ക്കാരിന്റെ മുന്നിലെ കടുത്ത വെല്ലുവിളിയാണിവിടെ. 2014 ല്‍ പശുക്കളുടെ ചവിട്ടേറ്റ് മരിക്കാനിടയായ സ്ത്രീയുടെ ഭര്‍ത്താവിന് 490,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഒരു ഓസ്ട്രിയന്‍ കോടതി ഇക്കൊല്ലം ഫെബ്രുവരിയില്‍ വിധിച്ചിരുന്നു. ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ ചലഞ്ചിനെതിരെയുള്ള സര്‍ക്കാരിന്റെ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല