സ്വന്തം ലേഖകന്‍: പെറ്റമ്മ കുഴിച്ചുമൂടിയ കുഞ്ഞിന് മുടന്തന്‍ നായ സമ്മാനിച്ചതു പുനര്ജന്മം. കാറിടിച്ചു പരുക്കേറ്റതു മുതല്‍ മൂന്നുകാലില് ഞൊണ്ടി നടക്കുന്നൊരു നാടന്‍ വളര്‍ത്തുനായയുടെ കൂറു മൂലം ജീവന് തിരിച്ചുകിട്ടിയത് പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്. കര്‍ഷകനായ യുസ നിസൈഖ വളര്‍ത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവനു രക്ഷകനായത്.
വടക്കന്‍ തായ്ലന്ഡിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം ഗ്രാമത്തില്‍ താമസിക്കുന്ന 15 വയസ്സുകാരിയാണ് വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. അല്പനേരത്തിനകം അതുവഴി വരാനിടയായ നായ മണം പിടിച്ച്, മണ്ണു മാന്തി കുരയ്ക്കാന്‍ തുടങ്ങി. കര്ഷകന് ഓടി വന്നു നോക്കിയപ്പോള്‍ കണ്ടത് അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല് മണ്‍കൂനയ്ക്കു പുറത്തേയ്ക്ക് ഉന്തിനില്ക്കുന്ന കാഴ്ച.
മണ്ണുമാറ്റിയപ്പോള്‍ കുഞ്ഞിനു ജീവനുണ്ട്. പിന്നെ നാട്ടുകാരെയും വിളിച്ചുകൂട്ടി ആശുപത്രിയിലേക്കോടി. കുഞ്ഞിപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നെന്നു മാത്രമല്ല, കുറ്റബോധം കൊണ്ടു നീറുകയായിരുന്ന അമ്മ, വീട്ടുകാരുടെ പൂര്ണപിന്തുണയോടെ അവനെ ഏറ്റെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല