സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടെടുപ്പിനിടുന്നതു പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്.
കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണു മേയുടെ പുതിയ തീരുമാനം. എംപിമാരുടെ വിവിധ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പിന്മാറ്റ നടപടികളാണ് പുതുക്കിയ കരാറില്‍ നിര്‍ദേശിക്കാന്‍ ഉദ്ദേശിക്കുന്നത്.
വിവാദവിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല