കലാപത്തിന്റെ ദയാരാഹിത്യം അനുഭവിച്ചറിഞ്ഞ മലേഷ്യന്‍ വിദ്യാര്‍ഥി അശ്റഫ് ഹാസിഖ് സ്വന്തം കദനകഥ വിശദീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പോട്ടുകയായിരുന്നു. ഹാസിഖിനെ ലണ്ടനിലെ ലഹളക്കാര്‍ അടിച്ചും കുത്തിയും പരിക്കേല്പിക്കുന്നതിന്റെ വീഡിയോദൃശ്യം യൂട്യൂബ് വഴി പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്വരെ ഈ ഇരുപതുകാരന്റെ പ്രശ്നത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധക്ഷണിച്ചു.
അതേസമയം തനിക്കു ഈ ഗതി വന്നെങ്കിലും ഇപ്പോഴും താന്‍ ബ്രിട്ടനെ സ്നേഹിക്കുന്നു എന്നാണു ഈ ഇരുപതുകാരന് പറയുന്നത്. എന്റെ അമ്മ നാട്ടിലേക്ക് തിരിച്ചു വരാന്‍ പറഞ്ഞെങ്കിലും താന്‍ ബ്രിട്ടനില്‍ തന്നെ ജീവിക്കാനു ഇഷ്ടപ്പെടുന്നത് എന്നാണു ആശുപത്രി കിടക്കയില്‍ കിടന്നു ഹാസിഖ് പറഞ്ഞത്. കൊള്ളയടിക്കലിനു കുട്ടികള്‍ വരെ തയ്യാറായതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്നും ഈ യുവാവ് പറയുന്നു. തന്റെ വേദനയില്‍ പങ്കു കൊണ്ട ജനങ്ങളോട് നന്ദി പറയാനും ഹാസിഖ് മറന്നില്ല.
പഠനത്തില്‍ സമര്‍ഥനായ ഹാസിഖ് സ്കോളര്‍ഷിപ് ലഭിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. രണ്ടുമൂന്നു പേര് ചേര്‍ന്ന് അടിച്ചും ഇടിച്ചും പരിക്കേല്പിച്ചതിനെ തുടര്‍ന്ന് താടിയെല്ല് പൊട്ടിയും പല്ലുകള്‍ കൊഴിഞ്ഞും രക്തം വമിക്കുന്നതിനിടയില് തന്നെ ശുശ്രൂഷിക്കാമെന്ന വാഗ്ദാനത്തോടെ എത്തിയ മറ്റ് ചില ‘നല്ല സമരിയക്കാര്‍’ പയ്യന്റെ പോക്കറ്റില്‍ കിടന്ന പേഴ്സ്, മൊബൈല്‍ തുടങ്ങിയവ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. മര്‍ദനരംഗങ്ങള്‍ ദൂരെ നിന്ന് ഹാസിഖിന്റെ കൂട്ടുകാരനാണ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. മുഖം നീരുവന്ന് വീര്‍ത്ത ഹാസിഖിന് തകര്‍ന്ന താടിയെല്ലുകള്‍ ശരിപ്പെടുത്താന്‍ നീര്‍ക്കെട്ട് കുറഞ്ഞശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു ഇതിനു ശേഷമാണ് പഴയ രീതിയില്‍ സംസാരിക്കാന്‍പോലും സാധിച്ചത്. റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ കഴിയുകയായിരുന്ന ഈ യുവാവിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
കിഴക്കന്‍ ലണ്ടനിലെ കപ്ലാന് കോളജില്‍ സാമ്പത്തികശാസ്ത്ര പഠനത്തിനാണ് കഴിഞ്ഞമാസം ഈ സമര്‍ഥനായ വിദ്യാര്‍ഥി ലണ്ടനിലെത്തിയത്. അവനെ യാത്രയയച്ച ഉമ്മ മസ്നയും കുടുംബവും പുത്രന്റെ ദുര്യോഗത്തില് കണ്ണീര് വാര്‍ക്കുകയാണ്. മകനെ പരിചരിക്കാന്‍ ലണ്ടനിലേക്ക് പുറപ്പെടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മസ്ന ഇന്നലെ അധികൃതര്‍ക്ക് സങ്കടഹരജി നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല