സ്വന്തം ലേഖകന്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മക്ലാരനും ഫെരാരിക്കുമൊപ്പം പ്രവര്‍ത്തിച്ച നിക്കി, മൂന്നു തവണ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട നേട്ടം. മക്ലാരനൊപ്പം 1984ല്‍ ജേതാവായി.
2012 മുതല്‍ മെഴ്സിഡസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്ട്ടണ് അഞ്ചു സീസണുകളില്‍ നിന്ന് നാല് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്.
ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിന് ഇരായായ താരമാണ് നിക്കി. 1976ല്‍ തന്റെ 21ാം വയസില്‍ ഫോര്‍മുല വണ്‍ മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍ നിക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജര്‍മന്‍ ഗ്രാന്‍ഡ് പ്രീക്കിടെ നിക്കിന്റെ ഫെരാരി കത്തിയമര്‍ന്നു. അബോധാവസ്ഥയില്‍ കോക്ക്പിറ്റില്‍ കുടുങ്ങിപ്പോയ നിക്കിനെ മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.
എന്നാല്‍ ആറാഴ്ചയ്ക്കു ശേഷം ട്രാക്കിലേക്ക് മടങ്ങിയെത്തിയ നിക്ക് അന്ന് ലോകത്തെ ഞെട്ടിച്ചിരുന്നു. പെട്ടെന്നു തന്നെ കോക്ക്പിറ്റിലേക്ക് മടങ്ങിയെത്താനായി അപകടത്തില്‍ കരിഞ്ഞുപോയ ഒരു ചെവിയുടെ പകുതി ഭാഗം നേരെയാക്കാനുള്ള ശസ്ത്രക്രിയ പോലും അദ്ദേഹം വേണ്ടെന്നുവെച്ചു.
പിന്നാലെ 1979ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും 1982ല്‍ മക്ലാരനൊപ്പം ട്രാക്കിലേക്ക് മടങ്ങിയെത്തി. പിന്നീട് 1985 വരെ അദ്ദേഹം ട്രാക്കില്‍ തുടര്‍ന്നു.
നിക്കിന്റെയും പ്രധാന എതിരാളി ജെയിംസ് ഹണ്ടിന്റെയും ട്രാക്കിലെ വൈരമാണ് 2013ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘റഷ്’ന് ആസ്പദമായത്. മുന്‍ താരങ്ങളടക്കമുള്ള പ്രമുഖര്‍ നിക്കിന് ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തങ്ങളുടെ സഹയാത്രികനായിരുന്ന, 1984ല്‍ ഞങ്ങള്‍ക്കുവേണ്ടി ലോക കിരീടം നേടിയ ലൗഡയുടെ മരണത്തില്‍ അതിയായ വേദനയുണ്ടെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മക്ലാരന് റേസിങ് ലിമിറ്റഡ് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല