1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റില്‍ ‘ട്രാഫിക് ജാം’. ബുധനാഴ്ച 200 മലകയറ്റക്കാര്‍ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിനു സമാനമായ അവസ്ഥ എവറസ്റ്റ് കൊടുമുടിയില്‍ സൃഷ്ടിക്കപ്പെട്ടത്. എവറസ്റ്റിലെ ‘ട്രാഫിക് ജാമില്‍’ കുടുങ്ങി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. പര്‍വതത്തില്‍നിന്ന് തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയില്‍ പര്‍വതാരോഹകരുടെ അസാധാരണമായ തിക്കുംതിരക്കും മൂലമാണ് മരണം ഉണ്ടായത്. തിക്കിലുംതിരക്കിലുംപെട്ട് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നതോടെ നിര്‍ജലീകരണമൂലം തളര്‍ന്നുവീണ് മരിക്കുകയായിരുന്നു.

പുനെ സ്വദേശി നിഹാല്‍ അഷ്പാക് ഭഗവന്‍ (27), മുംബൈയില്‍നിന്നുള്ള അഞ്ജലി ഷരാദ് കുല്‍ക്കര്‍ണി (54), ഒഡീഷയില്‍നിന്നുള്ള കല്‍പന ദാസ് (49) എന്നിവരാണ് മരിച്ചത്. ഇതോടെ എവറസ്റ്റില്‍ ഒരാഴ്ചയ്ക്കിടെ മരിച്ച പര്‍വതാരോഹകരുടെ എണ്ണം ആറായി. ബുധനാഴ്ച 200 മലകയറ്റക്കാര്‍ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിനു സമാനമായ അവസ്ഥ എവറസ്റ്റ് കൊടുമുടിയില്‍ സൃഷ്ടിക്കപ്പെട്ടത്. വിവിധ രാ ജ്യങ്ങളില്‍നിന്നായുള്ള മലകയറ്റക്കാര്‍ രാവിലെ അഞ്ചാം നമ്പര്‍ ക്യാമ്പില്‍ എത്തിയെന്നും ഇവിടെ രണ്ടു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവന്നതില്‍ ഇവര്‍ പരാതിപ്പെട്ടെന്നും ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 8848 മീറ്റര്‍ ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്.

കൊടുമുടിയില്‍ കുടുങ്ങിയവരെ ബുധനാഴ്ച വൈകിട്ടോടെയാണ് എവറസ്റ്റിന്റെ മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത്. 200 പേരില്‍ എത്രപേര്‍ എറ്റവും മുകളി ലെത്തി എന്നു വ്യക്തമല്ല. ഈ സീസണില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 381 പേര്‍ക്കാണ് നേപ്പാള്‍ സര്‍ക്കാര്‍ മലകയറാന്‍ പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. 44 ടീമുകള്‍ക്കായാണ് ഇത്. ഇത് റിക്കാര്‍ഡാണ്. ഈ മാസം പതിനാലിനാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയിലെ മലകയറാനുള്ള പാത സര്‍ക്കാര്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. എട്ടു ഷെര്‍പ്പകള്‍ അടങ്ങിയ ഒരു സംഘം ഈ സീസണില്‍ ആദ്യമായി മലകയറി. മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്ന സീസണില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എവറസ്റ്റ് കാണുന്നതിനായി നേപ്പാളില്‍ എത്തുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.