1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2019

സ്വന്തം ലേഖകന്‍: എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. എന്‍.ഡി.എ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്. ഷിരോമണി അകാലി ദള്‍ നേതാവ് പര്‍കാശ് സിങാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ദവ് താക്കറയും അതിനെ പിന്താങ്ങുകയായിരുന്നു.

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.ഡി.എ ഘടകക്ഷികള്‍ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മോദിയെ അഭിനന്ദിച്ചു. ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ടാണ് മോദി പ്രസംഗിക്കാന്‍ തുടങ്ങിയത്.

ബി.ജെ.പി 303 സീറ്റുമായി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി വീണ്ടും അധികാരത്തിലേറിയത്. കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റ് മാത്രമാണ്. 23 നാണ് വോട്ടെണ്ണല്‍ നടന്നതെങ്കിലും ചില ബൂത്തുകളിലെ തര്‍ക്കവും വിവിപാറ്റ് എണ്ണലും കാരണം ഫലപ്രഖ്യാപനം വൈകുകയായിരുന്നു.

ഡി.എം.കെ 23 സീറ്റ് നേടിയപ്പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, വൈ.എസ്.ആര്‍.സി.പി എന്നിവര്‍ 22 സീറ്റ് വീതം നേടി. ശിവസേന (18), ജെ.ഡി.യു (16), ബി.ജെ.ഡി (12), ബി.എസ്.പി (10) എന്നിവരാണു രണ്ടക്കം കടന്ന മറ്റ് പാര്‍ട്ടികള്‍. ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിച്ച സമാജ്വാദി പാര്‍ട്ടി നേടിയത് അഞ്ച് സീറ്റ് മാത്രമാണ്. ടി.ആര്‍.എസ് ഒമ്പതും ടി.ഡി.പി മൂന്നും സീറ്റാണ് നേടിയത്. ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ, ഒരു സീറ്റും.

സി.പി.ഐ.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും സീറ്റാണു ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ ഒരു സീറ്റ് കേരളത്തിലും രണ്ട് സീറ്റ് തമിഴ്‌നാട്ടിലുമാണ്. സി.പി.ഐയുടെ രണ്ട് സീറ്റും തമിഴ്‌നാട്ടിലാണ്. സി.പി.ഐ കേരളത്തില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നിലും ജയിക്കാനായില്ല.

ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.