സ്വന്തം ലേഖകന്‍: മുന്‍ കാബിനറ്റ് മന്ത്രി ബോറീസ് ജോണ്സന് എതിരേ സ്വകാര്യവ്യക്തി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജോണ്‍സനു സമന്‍സയയ്ക്കാന്‍ നിര്‍ദേശിച്ചു. ബ്രെക്സിറ്റ് വിഷയത്തില്‍ 2016ല്‍ നടത്തിയ ഹിതപരിശോധനയെ സ്വാധീനിക്കുന്നതിനു ജോണ്സണ് പച്ചക്കള്ളം പ്രചരിപ്പിച്ചെന്നാണു ബിസിനസുകാരനായ മാര്‍ക്കസ് ബാള്‍ നല്കിയ ഹര്‍ജിയിലെ ആരോപണം.
യൂറോപ്യന്‍ യൂണിയനിലെ അംഗത്വം നിലനിര്‍ത്താന്‍ പ്രതിവാരം യുകെ നല്‍കുന്നത് 35കോടി പൗണ്ടാണെന്നും (44കോടി ഡോളര്‍)ബ്രെക്സിറ്റ് നടപ്പായാല്‍ ഇത്രയും തുക ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ചെലവഴിക്കാനാവുമെന്നും ജോണ്സണ് പ്രസ്താവിച്ചതാണ് വിനയായത്. യൂറോപ്യന്‍ യൂണിയനു നല്കുന്ന തുക ജോണ്സണ് പെരുപ്പിച്ചുകാട്ടി എന്ന് ഹര്ജിക്കാരന് ആരോപിച്ചു.
ആരോപണത്തിനു ജോണ്സണ് കോടതിയില്‍ ഹാജരായി മറുപടി പറയണമെന്നു ഡിസ്ട്രിക്ട് ജഡ്ജി മാര്ഗോട് കോള്മന് ഉത്തരവിട്ടു. കേസ് കേള്‍ക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വമത്സരത്തില്‍ ജോണ്സണ് വിജയിച്ചു കഴിഞ്ഞിട്ടാണു കേസ് പരിഗണനയ്ക്കു വരുന്നതെങ്കില്‍ സമീപകാലത്തു കോടതിയില്‍ ഹാജരാവുന്ന ആദ്യ പ്രധാനമന്ത്രിയാവും അദ്ദേഹം. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷവരെ കിട്ടാം.
രാഷ്ട്രീയക്കാര്‍ നുണ പറയുന്പോള്‍ ജനാധിപത്യം മരിക്കുകയാണെന്നു ഹര്‍ജിക്കാരനായ ബാള്‍ ചൂണ്ടിക്കാട്ടി. ഉന്നത പദവി വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സാന്പത്തിക കാര്യങ്ങളില്‍ നുണ പറയുന്നത് നിയമവിരുദ്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല