സ്വന്തം ലേഖകന്‍: വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള നടപടിയില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം വേണമെന്നു വാഷിങ്ടന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയുമായുള്ള വാണിജ്യബന്ധം ഈ നിലയ്ക്കു പോകാനാകില്ലെന്നു യുഎസ് കടുത്ത നിലപാടെടുത്തത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ ഈ സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട എന്നാണു ട്രംപിന്റെ ന്യായീകരണം. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്’ (ജിഎസ്പി) പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.
ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ 2017ല്‍ യുഎസിലേക്ക് 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. തീരുമാനത്തില്‍നിന്നു പിന്തിരിയില്ലെന്നു യുഎസ് വ്യക്തമാക്കുന്നു. ‘ഇന്ത്യയെ ഒഴിവാക്കിയ നടപടിയില്‍ തിരുത്തുണ്ടാകില്ല. ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നതിനെക്കുറിച്ചാണു ചിന്തിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ചും ആലോചനയുണ്ട്’– പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടബന്ധം വളരെയേറെ വളരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ യുവാക്കള്‍ക്കു മോദി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇതിടയാക്കും. തുറന്ന കമ്പോളമില്ലാത്ത ലോകത്തിലെ വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വതന്ത്രവും നീതിയുക്തവും പരസ്പരപൂരകവുമായ വ്യാപാരമാണു ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കൊപ്പം തുര്‍ക്കിയുടെ ജിഎസ്പി പദവിയും റദ്ദാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല