സ്വന്തം ലേഖകന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടി ക്ലോപ്പിന്റെ ചെമ്പട. ആവേശകരമായ ഫൈനലില്‍ ടോട്ടനം ഹോട്‌സപ്‌റെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ ചെമ്പട യൂറോപ്പ് കീഴടക്കിയത്.
ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങി, ഗ്രൗണ്ടില്‍ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവര്‍പൂള്‍ സംഘത്തിന് പക്ഷെ ഇത്തവണ പിഴച്ചില്ല. അന്ന് ഗ്രൗണ്ടില്‍ വീണ സലാ ഇന്നലെ എസ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ ഉയര്‍ത്തെഴുന്നേറ്റു.
മുഹമ്മദ് സലായും ഡീവോക് ഒറിഗിയുമാണ് ലിവര്‍പൂളിന് വേണ്ടി വലകുലുക്കിയത്. ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍താരം സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിന്റെ മൂസ്സ സിസോകോ കൈകൊണ്ട് തടഞ്ഞു. പെനാല്‍റ്റിയെടുക്കാന്‍ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ വീണു.
കളിയുടെ ഗതിയും വിധിയും നിര്‍ണയിച്ച ഗോളായിരുന്നു അത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരമായി സലാ. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 87ാം മിനിറ്റില്‍ നിറയൊഴിച്ചത്.
കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ പകരക്കാരനായി എത്തിയ ഒറിജി ടോട്ടനത്തിന്റെ പരാജയം കൂടുതല്‍ കടുപ്പിച്ചു. കോര്‍ണറില്‍ നിന്നെത്തിയ പന്ത് തട്ടിയകറ്റാന്‍ ലിവര്‍പൂള്‍ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒറിജിക്ക് മുമ്പില്‍ അത് വിഫലമായി. കാലിലേക്ക് വന്ന പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് അടിച്ചു കയറ്റി. അതോടെ ചെമ്പടക്ക് ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം. കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ കന്നി കിരീടമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല