സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാലു കയറ്റിവെച്ച ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെതിരേ ആരാധക രോഷം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ തങ്ങളുടെ ആറാം യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്.
തൊട്ടടുത്ത ദിവസം തന്നെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം മേഴ്‌സിസൈഡില്‍ കിരീട നേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു. കിരീടം നേടിയ ടീമിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. തുറന്ന ബസിലുള്ള ടീമിന്റെ പരേഡ് ആറു മണിക്കൂറോളം നീളുകയും ചെയ്തിരുന്നു.
ഇതിനിടെ മാഡ്രിഡില്‍ നിന്ന് ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനിടയില്‍ വിമാനത്തില്‍വെച്ചും ടീമിന്റെ ആഘോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ വീഡിയോ ടീം അംഗങ്ങളില്‍ പലരും പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സണ്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാലു കയറ്റിവെച്ച ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ ആരാധകര്‍ താരത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. കിരീട നേട്ടത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് നിരവധിയാളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇനിയൊരിക്കല്‍ കൂടി നിങ്ങള്‍ക്ക് ആ ട്രോഫി ഏറ്റുവാങ്ങാനുള്ള ഭാഗ്യം ഉണ്ടായിരിക്കില്ലെന്നും ചിലര്‍ പറയുന്നു. ഇതോടെ ഹെന്‍ഡേഴ്‌സന്റെ പ്രവൃത്തി ഫുട്‌ബോള്‍ ലോകത്തും ചര്‍ച്ചയാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല