സ്വന്തം ലേഖകന്‍: ഡെന്മാര്ക്കില് വര്‍ഷാവര്‍ഷം നടന്നുവരുന്ന രക്തരൂക്ഷിതമായ ഒരു ആചാരമുണ്ട്. നൂറുകണക്കിന് തിമിംഗലങ്ങളെ കൂട്ടുക്കുരുതി ചെയ്യുന്ന ഈ ആചാരം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്. ആചാരത്തിന്റെ ഭാഗമായി ഈ വര്‍ഷം കൊന്നൊടുക്കിയത് എണ്ണൂറിലധികം തിമിംഗലങ്ങളെയാണ്.
ഡെന്മാര്ക്കിലെ ഫെറോ ദ്വീപിലെ രക്തരൂക്ഷിതമായ ഒരു ആചാരമാണ് തിരിമംഗലക്കുരുതി. ഉത്തര അത്ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഗ്രിന്‍ഡഡ്രാപ്(Grindadrap) എന്നറിയപ്പെടുന്ന ഈ ആചാരത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ആയിരത്തോളം തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപ് നിവാസികള്‍ കൊന്നൊടുക്കുന്നത്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് തിമിംഗല വേട്ട നടക്കുന്നത്. കുടുതലും പൈലറ്റ് തിമിംഗലങ്ങളാണ് കൊന്നൊടുക്കപ്പെടുന്നത്.
ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഈ തിമിംഗല കുരുതി. മേയ്ഓഗസ്റ്റ് മാസങ്ങളില്‍ തിമിംഗലങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്ന പാത കണക്കാക്കിയാണ് തിമിംഗലവേട്ട നടത്തുന്നത്. തിമിംഗലങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കൂട്ടമായി ബോട്ടുകളിലും തോണികളിലും കടലിലിറങ്ങുന്ന ദ്വീപ് നിവാസികള്‍ തിമിംഗലങ്ങളെ വളയുകയും തീരക്കടലിലേയ്ക്ക് കൊണ്ടുവരികയും ചെയ്യും.
തീരത്തോട് അടുക്കുന്നതോടെ തിമിംഗലങ്ങളുടെ തലയിലുള്ള വെള്ളം ചീറ്റുന്ന ദ്വാരത്തില്‍ പ്രത്യേക തരത്തിലുള്ള കൊളുത്ത് ഘടിപ്പിച്ച് തീരത്തേക്ക് വലിച്ചടുപ്പിക്കും. തുടര്‍ന്ന് മൂര്‍ച്ചയേറിയ വാള് പോലുള്ള ആയുധം ഉപയോഗിച്ച് തിമിംഗലത്തിന്റെ കഴുത്ത് വെട്ടും. തലച്ചോറിലേയ്ക്കു രക്തമെത്തുന്ന ഞരമ്പുകള്‍ മുറിയുന്നതോടെ രക്തം നഷ്ടപ്പെട്ടാണ് തിമിംഗലം ചാവുന്നത്. ചോര ചീറ്റിത്തെറിച്ച് കടല്‍ത്തീരം ചുവക്കും. നിമിഷങ്ങള്‍ക്കകം തിമിംഗലങ്ങള്‍ ചാവും.
തിമിംഗലങ്ങളുടെ ഈ കൂട്ടക്കുരുതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. തിമിംഗലങ്ങളുടെ കൂട്ടക്കുരുതി അവയുടെ വംശനാശത്തിനിടയാക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ തിമിംഗലവേട്ട നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല