സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ ഒന്‍പതു മുസ്ലിം മന്ത്രിമാരും രണ്ടു മുസ്ലിം ഗവര്‍ണര്‍മാരും രാജിവച്ചു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇവരില്‍ ചിലര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണു രാജിയെന്ന് മുസ്ലിംരാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബരഹോട്ടലുകളിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരെ സര്‍ക്കാരില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധസന്യാസിയും എംപിയുമായ അതുരാലിയ രത്ന നാലുദിവസം മുന്‍പ് നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഇന്നലെ കാന്‍ഡി നഗരത്തില്‍ പതിനായിരത്തോളം ബുദ്ധമതാനുയായികള്‍ പ്രകടനം നടത്തി. ശ്രീലങ്കയിലെ ജനസംഖ്യയില്‍ ഒന്പതുശതമാനമാണു മുസ്ലിംകള്. 225 അംഗ പാര്‍ലമെന്റില്‍ 19 മുസ്ലിം എംപിമാരാണുള്ളത്. ഇവരില്‍ മന്ത്രിപദവിയിലുള്ള ഒന്‍പതുപേരാണ് ഇന്നലെ രാജിവച്ചത്.
പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ അസത് സലി, കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഹിസ്ബുള്ള എന്നിവരും രാജിവച്ചു. ഈസ്റ്റര്‍ ദിന ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ എന്‍ടിജെക്ക് ഈ ഗവര്‍ണര്‍മാര്‍ പിന്തുണ നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇരുവരും ആരോപണം നിഷേധിച്ചു. ഈസ്റ്റര്‍ദിന സ്ഫോടനങ്ങളില്‍ 258 പേര്‍ക്കു ജീവഹാനി നേരിടുകയും 500ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല