1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2019

സ്വന്തം ലേഖകന്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.

സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്.

നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 13ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.

പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.