സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള എസ്400 ആയുധ ഇടപാടില്‍ നിന്ന് മാറ്റമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയീബ് ഉര്ദുഗാന്!. കരാറില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം തള്ളിയ തുര്‍ക്കി അമേരിക്കയുടെ MIM 104 പാട്രിയോറ്റ് മിസൈല്‍ വാഗ്ദാനവും നിരസിച്ചു.
അമേരിക്കയുടെ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്നും റഷ്യയുമായുള്ള എസ്400 ആയുധകരാറില്‍ നിന്ന് പിന്മാറില്ലെന്നും ഉര്ദുഗാന്! വ്യക്തമാക്കി. റഷ്യതുര്‍ക്കി പ്രതിരോധ കരാറില്‍ തുടക്കം മുതല്‍ തന്നെ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കരാറുമായി മുന്നോട്ട് പോയാല്‍ നാറ്റോ രാജ്യങ്ങളുടെ സംയുക്ത എഫ് 35 കരാറിനെ പ്രതികൂലമായി ബാധിക്കുമെന്നും തുര്‍ക്കി വലിയ നഷ്ടം നേരിടേണ്ടി വരുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.
കരാറില്‍ നിന്ന പിന്മാറില്ലെന്ന് വ്യക്തമാക്കിയ ഉര്ദുഗാന്, അമേരിക്കയുടെ MIM 104 ദീര്‍ഘ ദൂര മിസൈല്‍ കൈമാറ്റ കരാറില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും പ്രതികരിച്ചു. കരാറിലെ ഉപാധികളിലും മറ്റും അമേരിക്ക വ്യക്തത വരുത്തുകയാണെങ്കില്‍ മാത്രം, പാട്രിയോറ്റ് മിസൈല്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഉര്ദുഗാന് വ്യക്തമാക്കി.
തുര്‍ക്കി നിലപാട് വ്യക്തമാക്കിയതോടെ അമേരിക്കന്‍ പ്രതികരണം എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തന്നെ സിറിയയിലെ കുര്‍ദുകളെ അമേരിക്ക പിന്തുണക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ട്. ഈ മാസം അവസാനം ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടയില്‍ ഡോണള്‍ഡ് ട്രംപും ഉര്‍ദുഗാനും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രതിരോധ കരാര്‍ സംബന്ധിച്ച വിഷങ്ങള്‍ ചര്ച്ചയാകുമോയെന്നതില് വ്യക്തതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല