സ്വന്തം ലേഖകന്‍: ബ്രക്സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിട്ടണില്‍ തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. ത്രിദിന ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബ്രിട്ടീഷ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖര്‍ക്കുമൊപ്പമായിരുന്നു ചര്‍ച്ച.
ബ്രക്സിറ്റ് ബ്രിട്ടന് അനിവാര്യമാണെന്നും, ബ്രെക്സിറ്റിനുശേഷം ബ്രിട്ടനുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാനാകുമെന്നാണ് താന്‍ കരുതുന്നത് എന്നും, ആരോഗ്യമേഖലയിലും കരാര്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്ത് മേയ് മികച്ചപ്രകടനമാണ് കാഴ്ചവെച്ചതെന്നും, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സഖ്യമുണ്ടാക്കാന്‍ യു.എസിനും ബ്രിട്ടനുമാകുമെന്ന് തെരേസ മേയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ബ്രക്സിറ്റിന് ശേഷം അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാറാണ് ലക്ഷ്യം എന്നായിരുന്നു മേയുടെ പ്രതികരണം.
കാലാവസ്ഥാവ്യതിയാനം, ചൈനീസ് കന്പനിയായ വാവേയുമായുള്ള വാണിജ്യബന്ധം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനമൊഴിയുന്നതിന് തിങ്കളാഴ്ച എലിസബത്ത് രാജ്ഞിയുമായി ട്രംപ് ബക്കിങാം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തില്‍ സെന്‍ട്രല്‍ ലണ്ടനില്‍ ലിബറല്‍, ഗ്രീന്‍ പാര്‍ട്ടികളുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധറാലി നടന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയെന്നാണ് ട്രംപിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല