സ്വന്തം ലേഖകന്‍: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും അധികാരമേറ്റശേഷം ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെകില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് സഹകരണ ഉച്ചകോടി.
ഇമ്രാന്‍ ഖാനുമായി മോദി കൂടിക്കാഴ്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രത്യാക്രമണത്തിനും ശേഷം അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ മോദി പാക് പ്രധാനമന്ത്രിയുമായി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി വിജയിച്ചപ്പോഴും രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോഴും ഇമ്രാന്‍ ഖാന്‍ ആശംസകളറിയിച്ചിരുന്നു. എന്നാല്‍, മോദിയുടെ സത്യപ്രതിജ്ഞാ വേളയിലേക്ക് ഇമ്രാന്‍ ഖാന് ക്ഷണമുണ്ടായിരുന്നില്ല.
പാക് വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹ്മൂദ് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഈദ് ദിനത്തില്‍ അദ്ദേഹം ദില്ലിയിലെ ജമാ മസ്ജിദില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ പാക് സ്ഥാനപതി സയ്യിദ് ഹൈദര്‍ ഷായും കൂടെയുണ്ടായിരുന്നു. സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമാണെന്നാണ് പാക് ഹൈക്കമ്മീഷന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല