സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ് കേസില്‍ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തില്‍ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്.
കനത്ത സുരക്ഷയില്‍ വ്യാഴാഴ്ചയാണ് ഷാക്കിറ സ്പാനിഷ് കോടതിയില്‍ എത്തിയത്. ഷാക്കിറയെ കാത്ത് വലിയ മാധ്യമപ്പട തന്നെ കോടതിക്ക് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ കോടതിയുടെ പാര്‍ക്കിങ് ഏരിയയിലെ വാതില്‍ വഴിയാണ് ഷാക്കീറ കോടതി മുറിയില്‍ എത്തിയത്. 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ഷാക്കിറക്കെതിരായ കേസ്.
2011 മുതല്‍ കാറ്റലോണിയയില്‍ താമസിക്കുന്ന ഷാക്കിറ, 2012നും 2014 നും ഇടക്ക് നികുതി അടച്ചിട്ടില്ലെന്ന് ആരോപിച്ച് ഡിസംബറിലാണ് കേസെടുത്തത്. എന്നാല്‍ 2015ന് ശേഷമാണ് സ്പെയിനില്‍ താമസമാക്കിയതെന്നും ചുമത്തിയ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഷാക്കിറയുടെ വാദം.
നാല്പത്തി രണ്ടുകാരിയായ ഷാക്കിറയുടെ പങ്കാളി ബാഴ്സലോണ താരം ജെറാഡ് പിക്വെയാണ്. ഇവരുടെ രണ്ട് മക്കളോടൊത്ത് നിലവില്‍ ബാഴ്സലോണയിലാണ് ഷാക്കിറയുടെ താമസം. മെയില്‍ കവിതാ മോഷണം നടത്തിയെന്ന പരാതിയിലും ഷാക്കിറ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തി അവരെ പിന്നീട് കുറ്റവിമുക്തയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല