സ്വന്തം ലേഖകന്‍: ദുബായ് ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉപ്പയും മകനും ഉള്‍പ്പെടും. 12 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ദുബൈയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 17 പേരാണ് മരിച്ചത്. ദീപകുമാര്‍, ജമാലുദ്ദീന്‍, ഉമ്മര്‍ ചോനക്കടവത്ത്, നബീല്‍ ഉമ്മര്‍ ചോനക്കടവത്ത്, രാജന് പുതിയപുരയില്‍, കിരണ്‍ ജോണി വള്ളിത്തോട്ടത്തില്‍, വിമല്‍ കുമാര്‍ കാര്ത്തികേയന് എന്നിവരാണ് മരിച്ച മലയാളികള്‍. ദീപകുമാറിന്റെ ഭാര്യ ആതിരയും നാലുവയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്. മസ്കത്തില് നിന്ന് ദുബൈയിലേക്ക് വന്ന ഒമാന്‍ ഗതാഗത വകുപ്പ് വക ബസാണ് റാഷിദീയ മെട്രോ സ്റ്റേഷന് സമീപം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ട് പാകിസ്താനികളേയും ഒരു ഒമാന്‍ പൗരനേയും ഒരു അയര്‍ലന്റ് സ്വദേശിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ ബാരിക്കേഡിലേക്ക് ബേസ് ഇടിച്ചു കയറുകയായിരുന്നു. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദുബൈമസ്കത്ത്, മസ്കത്ത് ദുബൈ ബസ് സര്‍വീസുകള്‍ മുവാസലാത്ത് താല്കാലികമായി നിര്‍ത്തിവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല