സ്വന്തം ലേഖകൻ: എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഇന്ത്യയില്‍ അറിയപ്പെടുന്ന സ്പോര്‍ട്സ് താരം കൂടിയായ നടി പ്രാചി ടെഹ്ലാന് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉണ്ണിമായ എന്ന കഥാപാത്രമായെത്തുന്ന നടിയുടെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിനെ നയിച്ചയാളാണ് പ്രാചി ടെഹ്ലാന്. സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തോടെ നെറ്റ്ബോളില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ചരിത്രത്തിലെ ആദ്യ മെഡല്‍ നേടിക്കൊടുത്ത നായിക. ബാസ്കറ്റ്ബോളിലും ദേശീയതലത്തില്‍ കളിച്ചശേഷം വെള്ളിത്തിരയിലേക്ക് കടന്നുവന്നു. ടി.വി. സീരിയലുകള്‍ക്കിടയില്‍ പഞ്ചാബി ചിത്രമായ അര്ജാനും ബൈലാറസും ചെയ്തതിന്റെ അനുഭവസമ്പത്തിലാണ് മാമാങ്കത്തിലേക്കെത്തുന്നത്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന് എന്നിവരും അഭിനയിക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല