സ്വന്തം ലേഖകൻ: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഒരു ഡോക്യൂമെന്റി നിര്‍മ്മാതാവിനോടായിരുന്നു മുഹമ്മദ് ബിന്‍ സന്‍മാന്റെ വെളിപ്പെടുത്തല്‍.
ഖഷോഗിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായി സല്മാന് രാജകുമാരന്റെ അവകാശവാദം രേഖപ്പെടുത്തിയ ഡോക്യുമെന്റിറി ഒക്ടോബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയത്.
‘ഇത് എന്റെ നിരീക്ഷണത്തില്‍ സംഭവിച്ചതാണ്. അതിനാല്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും.’ സല്മാന് രാജകുമാരന് മാര്ട്ടിന് സ്മിത്തിനോട് പറഞ്ഞു. അതേ സമയം കൊലപാതകത്തില്‍ താന്‍ നേരിട്ട് പങ്കാളിയല്ലെന്നും എന്നാല്‍ സൗദി രാജ്യത്തിന്റെ തലവനായതിനാല്‍ കൊലപാകതത്തില്‍ താന്‍ ഉത്തരവാദിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഖഷോഗ്ജിയെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നോ എന്ന ചോദ്യത്തിന് സൗദി സര്‍ക്കാരില്‍ 3 ദശലക്ഷം ജീവനക്കാന് ഉണ്ടെന്നും ഇവരിലെ ഒരോ അംഗത്തെയും വ്യക്തിപരമായി നിരീക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ആരോപണ വിധേയനായ മന്ത്രിമാര്‍ ഉണ്ട്. ഇവര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗ്ജി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന് ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗ്ജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അബ്ഖൈ്വക്കിലേയും ഖുറൈസിലേയും അരാംകോ പ്ലാന്റുകള്‍ക്കുനേരെയുള്ള ആക്രമണവും സൗദിയുടെ സുരക്ഷയും സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാഖി ഇടപെടലും ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല