റെയില്‍വേ രംഗത്തെ സാങ്കേതികത്തികവിന്റെ മാതൃകയായി ലോകത്തിന് മുമ്പാകെ ചൈന അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിനുകള്‍ പിന്‍വലിച്ചു. സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്തെ രണ്ടാമത്തെ തീവണ്ടി നിര്‍മാതാക്കളായ സി. എന്‍. ആര്‍. കോര്‍പ്പറേഷന്‍ ലിമിറ്റഡ് 54 അതിവേഗ തീവണ്ടികളുടെ ഓട്ടം മതിയാക്കാന്‍ തീരുമാനിച്ചത്.
ജൂലായിലുണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ 40 പേര്‍ മരിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
അതിവേഗ വണ്ടികളുടെ രൂപകല്പനയിലെ പിഴവാണ് അപകടകാരണമെന്ന അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്റെ വെളിപ്പെടുത്തലാണ് സി. എന്‍. ആര്‍. കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കിയത്. ഒഴിവാക്കാന്‍ കഴിയുന്ന അപകടമായിരുന്നു ഇതെന്നാണ് സ്റ്റേറ്റ് അഡ്മിനിസ്‌ടേഷന്‍ ഓഫ് വര്‍ക്ക് സേഫ്റ്റി ഡയറക്ടറായ ലുവോ ലിന്‍ വ്യക്തമാക്കിയത്. സിഗ്‌നല്‍ തകരാറുമൂലമാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തേ അധികൃതര്‍ നല്‍കിയ വിശദീകരണം.
ബുള്ളറ്റ് ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് പതിവില്ലാത്തത്ര മാധ്യമവിമര്‍ശനമാണ് ചൈനീസ് ഭരണകൂടത്തിന് നേരിടേണ്ടിവന്നത്. ഇന്‍റര്‍നെറ്റ് വഴിയുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ തീവണ്ടിപ്പാതയായ ബെയ്ജിങ് -ഷാങ്ഹായ് പാത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി സാങ്കേതിക തകരാറുമൂലം പിന്‍വലിക്കേണ്ടിവരുന്നത് ചൈനീസ് ഭരണകൂടത്തിന് തിരിച്ചടിയാണ്. റെയില്‍വേ മന്ത്രി ലിയു ഷിജുന്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞഫിബ്രവരിയില്‍ പുറത്താക്കപ്പെട്ടത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. ജപ്പാനിലെ അതിവേഗ തീവണ്ടി ഗതാഗതസംവിധാനത്തോട് മത്സരിക്കുന്ന ചൈന കഴിഞ്ഞ വര്‍ഷം 1,17,200 കോടി ഡോളറാണ് ഈ രംഗത്ത് നിക്ഷേപമിറക്കിയത്. ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓട്ടം തുടങ്ങിയ 1964 മുതല്‍ ഒരാള്‍പോലും അപകടത്തില്‍ മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല