സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അറബ് ലോകത്തിന്റെ കൈയൊപ്പ് ചാര്‍ത്തി യു.എ.ഇയുടെ വിജയ കുതിപ്പ്. ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന് ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി. അടുത്ത മാസം മൂന്ന് വരെ ഹസ്സ സ്പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും.
കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. യു.എ.ഇ സമയം 5.57ന് ഹസ്സ അല്‍ മന്‍സൂരിയടക്കം മൂന്ന് ബഹിരാകാശ യാത്രികരുമായി സോയുസ് എം.സ് 15 പേടകം ആകാശത്തേക്ക് ഉയര്‍ന്നു. 6.15 ന് ഭൂമിയുടെ ഒന്നാം ഭ്രമണ പഥം ചുറ്റി ബഹിരാകാശത്തേക്ക്. 6.17 മൂന്ന് യാത്രികരും സുരക്ഷിതരായി ബഹിരാകാശത്ത് എത്തി. യു.എ.ഇ സമയം രാത്രി 11:44 ന് പേടകം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെത്തി.
മുഴുവന്‍ അറബ് യുവതക്കുമുള്ള സന്ദേശമാണ് ഹസ്സയുടെ നേട്ടമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വീറ്റ് ചെയ്തു. മറ്റുള്ളവര്‍ക്കൊപ്പം മുന്നോട്ട് കുതിക്കാന്‍ ഇനി നമുക്കും മുന്നോട്ട് കുതിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
യു.എ.ഇയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഹസ്സയുടെ നേട്ടമെന്ന് ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് കുറിച്ചു. ഹെസ്സയുടെ കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല