സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യുഎസ് കമ്പനികളെ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
“നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരഭങ്ങള്‍ തുടങ്ങാനും ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലേക്ക് വരിക.” നരേന്ദ്ര മോദി പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സെപ്റ്റംബർ 20 നാണ് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്. സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണിത്. ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോർപറേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയാണ് കുറച്ചത്. സര്‍ ചാര്‍ജും സെസും ചേരുമ്പോള്‍ 25.17 ശതമാനമാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തമാസം ഒന്നു മുതല്‍ തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ക്ക് 2023 മാര്‍ച്ച് 31 വരെ 15 ശതമാനം നികുതി അടച്ചാല്‍ മതി. സെസും സര്‍ ചാര്‍ജും ചേരുമ്പോള്‍ നികുതി 17.01 ശതമാനമാകും. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത കമ്പനികള്‍ക്കാണ് ആനുകൂല്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല