സ്വന്തം ലേഖകന്‍: ലണ്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ ടോയ്ലെറ്റ് മോഷണം പോയി. ആര്‍ട്ട് എക്സിബിഷന്റെ ഭാഗമായി ടോയ്ലെറ്റ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസ്. ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ ടോയ്ലെറ്റുളളത്.
ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ടോയ്ലെറ്റ് ആദ്യം പ്രദര്‍ശനത്തിനു വച്ചത്. ഇവിടെ പൊതുജനങ്ങള്‍ക്ക് ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഏതാനും ദിവസം മുന്‍പാണ് ബ്ലെനിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിനായി എത്തിച്ചത്. മൗറിസിയോ കാറ്റലന്‍ എന്ന ശില്പിയാണ് സ്വര്‍ണ ടോയ്ലെറ്റ് നിര്‍മിച്ചത്. ‘അമേരിക്ക’ എന്നായിരുന്നു അദ്ദേഹം നല്കിയ പേര്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ടോയ്ലെറ്റ് നിര്‍മിച്ചിട്ടുളളത്.
കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്കായി ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍ മ്യൂസിയത്തിലെ ചീഫ് ക്യൂറേറ്റര്‍ പകരം സ്വര്‍ണ ടോയ്ലറ്റ് തരാമെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് മോഷണം നടന്നതെന്നും രണ്ടു വാഹനങ്ങള്‍ മോഷണത്തിനായി സംഘം ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. മോഷണത്തിനിടയില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മോഷണം നടത്തിയത് ഇയാളെന്നത് സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല