കലാപം പൊട്ടിപ്പുറപ്പെട്ട കിഴക്കന്‍ ലണ്ടന്‍ നഗരം ശാന്തമായിത്തുടങ്ങി കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 68 കാരന് മരിച്ചതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കലാപം അടിച്ചമര്‍ത്താനുള്ള നടപടികള്‍ പിഴച്ചുപോയതായി കുറ്റസമ്മതം നടത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജ്യത്ത് വീണ്ടും കലാപം അരങ്ങേറിയാല്‍ പട്ടാളത്തെ രംഗത്തിറക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കലാപത്തിനിടെ തലയ്ക്ക് പരിക്കേറ്റ റിച്ചാര്‍ഡ് മാനിങ്ടണ് ബോവസ് എന്നയാളാണ് ആസ്പത്രിയില്‍ വെച്ച് മരിച്ചത്. ഇക്കാര്യം സ്കോട്ലന്ഡ് യാഡ് പോലീസ് അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ശാന്തിക്കും സമാധാനത്തിനുമായ് തെരുവില്‍ ഇറങ്ങിയ ആളുകളെ കലാപ ബാധിത പ്രദേശങ്ങളില്‍ കാണാമായിരുന്നു. കലാപത്തിനിടെ കാറിടിച്ച് മരിച്ചു മൂന്നു പേരില്‍ ഒരാളായ ഹാറൂന്‍ ജഹാന്റെ പിതാവുമുണ്ടായിരുന്നു. ഇരുപത്തൊന്നുകാരനായ ഹാറൂണ്‍ ജഹാനെയും ഷഹാദ് അലി, അബ്ദുള്‍ മുസാവിര്‍ എന്നീ രണ്ടു കൂട്ടുകാരെയും പാഞ്ഞുവന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ബെര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ പ്രദേശത്തായിരുന്നു സംഭവം. സംഭവത്തെ തുട്രന്നു തെറിച്ചു വീണ മൂവ്വരും മരണപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയില്‍ കലാപകാരികള്‍ കടകള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു മൂവരും. അന്‍പതു കിലോമീറ്റര്‍ സ്പീഡില്‍ വന്ന കാറാണ് ഇവരുടെ ജീവന് കവര്‍ന്നത്. സമാധാനം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരുടെയും ഹൃദയം നുറുങ്ങുന്ന രീതിയില്‍ പിതാവ് താരിഖ് ജഹാന് പൊതുജനങ്ങളോടായി അഭ്യര്‍ത്ഥന നടത്തി. പിതാവ് താരിഖ് ജഹാന്റെ കണ്മുന്നിലാണ് അപകടമുണ്ടായത്. കാര്‍ പാഞ്ഞുവരുന്നതും അപകടമുണ്ടാകുന്നതും താരിഖ് കണ്ടിരുന്നു. എന്നാല്‍ മകനാണ് അപകടത്തില്‍ പെട്ടതെന്ന് അറിയാതെതന്നെ അവരെ രക്ഷിക്കാനായി ഓടിയടുത്തു.
വീണുകിടന്ന ഒരാളെ താങ്ങിയെടുക്കുമ്പോള്‍ മകനാണ് തൊട്ടടുത്ത് അപകടത്തില്‍ പെട്ട് കിടക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞത്. അപ്പോഴും മകന് ജീവനുണ്ടായിരുന്നു. മകനെ വാരിയെടുത്ത താരിഖ ജഹാന് കൃത്രിമ ശ്വാസോച്ഛാസം നല്കാന് ശ്രമിച്ചു. അപ്പോഴേയ്ക്കും മകന്റെ ദേഹം മുഴുവന്‍ ചോര പടര്‍ന്നിരുന്നു.ഉടന്‍ തൊട്ടടുത്തുള്ള സിറ്റി ഹോസ്പ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കറുത്തവരും ഏഷ്യക്കാരും വെള്ളക്കാരുമെല്ലാം ഇവിടെ ഒന്നിച്ചു കഴിയുകയാണ്. നമ്മള് പരസ്പരം കൊല്ലുന്നതില്‍ എന്താണ് കാര്യമെന്ന് ജഹാന് ചോദിച്ചു. മകന് മികച്ച കുട്ടിയായിരുന്നുവെന്ന് പിതാവ് പറയുന്നു. തികച്ചും സ്മാര്‍ട്ടായിരുന്നു ഹാറൂണ്‍. സമൂഹത്തില്‍ എന്ത് ആവശ്യമുണ്ടായാലും സഹായിക്കാന്‍ അവന് തയാറായിരുന്നു. അക്രമസാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശാന്തരായിരിക്കാനും ഹാറൂണിനോട് അല്ലാഹു ക്ഷമിച്ച് അവനെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമത്തെ അനുസരിക്കണമെന്നും ഇതൊരു വംശീയപ്രശ്നമായി കരുതേണ്ടെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ സമൂഹത്തില്നിന്നുള്ളവരുടെയും സമാശ്വാസവാക്കുകള്‍ ലഭിക്കുന്നുണ്ട് ഈ പിതാവിന്.
അങ്ങിനെ യു കെയിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഏഷ്യന്‍ വംശജര്‍ കടപ്പെട്ടിരിക്കുന്നു;വലിയ മനസുള്ള ഈ മനുഷ്യനോട്.മകന് മരിച്ച ദുഖത്തിലും വിവേകപൂര്‍വ്വം അദ്ദേഹം കൈക്കൊണ്ട നിലപാടു മൂലം ഒഴിവായത് ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും തമ്മില്‍ ഉണ്ടാകുമായിരുന്ന വംശീയ സ്പര്‍ധയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല