സ്വന്തം ലേഖകന്‍: പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ ഭരണകക്ഷിയായ ഐക്യ റഷ്യ പാര്‍ട്ടിയും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും. മോസ്കോ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ട്ടിക്ക് മൂന്നിലൊന്ന് സീറ്റ് നഷ്ടമായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി.
ശക്തമായ അടിച്ചമര്‍ത്തലും കൃത്രിമം കാണിച്ചതായ ആരോപണങ്ങളും ഉയര്‍ന്ന തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് അലക്സി നവല്‍നി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ വിലക്കാനായെങ്കിലും അതിനൊത്ത നേട്ടം കൊയ്യാന്‍ പുടിന്റെ പാര്‍ട്ടിക്കായില്ല. തകരുന്ന സമ്പദ് രംഗവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങളില്‍ കടുത്ത അതൃപ്തി ഉളവാക്കുന്നതായി ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
വര്‍ധിച്ചുവരുന്ന ജനരോഷത്തെ തടയാന്‍ വഴി തേടുകയാണു പുടിനും പാര്‍ട്ടിയും. ജയസാധ്യതയുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ നവല്‍നിയും കൂട്ടരും നല്കിയ നിര്‍ദേശത്തിനു ഫലമുണ്ടായി. കമ്യുണിസ്റ്റ് പാര്‍ട്ടിക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. മോസ്കോയില്‍ 2014ലെ 5 സീറ്റ് 13 ആയി ഉയര്‍ത്താന്‍ അവര്‍ക്കായി. പുടിന്റെ പാര്‍ട്ടിക്ക് 26 സീറ്റ് ലഭിച്ചു. 10 സീറ്റ് അവര്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ക്കും. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഉള്‍പ്പെടെ 15 ഇടങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനം പുടിന്റെ പാര്‍ട്ടിക്കാണ്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പ്രതിപക്ഷത്തെ ഒട്ടേറെ പേര്‍ക്ക് വോട്ട് നിഷേധിച്ചു വിജയം പിടിച്ചെടുത്തതായി ആരോപണം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല