സ്വന്തം ലേഖകന്‍: ഭൂമിയിലെ ഹിമപാതം പോലെ ചൊവ്വയില്‍ നിന്നൊരു കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് നാസ. വസന്തകാലങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ചൊവ്വയില്‍ സാധാരണമാണ്. മുമ്പും ചൊവ്വയിലെ ഹിമപാത ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്.
ചൊവ്വയുടെ വടക്കേ ധ്രുവത്തില്‍ സൂര്യപ്രകാശമെത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മഞ്ഞ് പാളികള്‍ ഏറെയുള്ളയിടമാണ് വടക്കേധ്രുവം. സൂര്യപ്രകാശമെത്തുമ്പോഴുള്ള ചൂടില്‍ മഞ്ഞുരുകി പര്‍വതങ്ങളില്‍ നിന്നും താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിലെ ഹിമപാതങ്ങളെ പോലെയല്ല ചൊവ്വയിലെ ഹിമപാതമെന്ന് ചിത്രത്തില്‍ കാണാം.
നാസയുടെ മാര്‍സ് റിക്കനൈസന്‍സ് ഓര്ബിറ്രറിലെ ഹൈറൈസ് ഉപകരണം കൊണ്ടാണ് ചൊവ്വയിലെ ഹിമപാതങ്ങള്‍ നിരീക്ഷിക്കുന്നത്. 2005ല്‍ വിക്ഷേപിച്ച മാര്‍സ് റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ 2006 ലാണ് ചൊവ്വയിലെത്തിയത്. ഇത് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
മഞ്ഞ് ഇടിഞ്ഞ് 500 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുമ്പോള്‍ അത് പൊടിപടല മേഘങ്ങള്‍ ഉയരുന്നതിന് കാരണമാവുന്നുവെന്ന് നാസ പറയുന്നു. പൊടിയുടെ ഘടന അനുസരിച്ച് ഈ ധൂമപടലത്തിന്റെ നിറത്തിനും വ്യത്യാസം വരും.
ഹൈറൈസ് ക്യാമറ നിയന്ത്രിക്കുന്ന അരിസോണ സര്‍വകലാശാലയും നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലാബും ചേര്‍ന്നാണ് ഈ ചിത്രം പകര്‍ത്തിയത്. 2019 മേയ് 29 ന് പകര്‍ത്തിയ ചിത്രം സെപ്റ്റംബര്‍ മൂന്നിനാണ് പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല