സ്വന്തം ലേഖകന്‍: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോയില്‍ ബുധനാഴ്ച നടന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയറിനായി ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരും ടൊറോന്റിയില്‍ എത്തിയിരുന്നു.
നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ല്‍, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെ എ ആര്‍ പിക്‌ചേഴ്‌സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അലന്‍ മാക്അലക്‌സ്, അജയ് ജി.റായ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സണ്‍ഡാന്‍സ് സ്‌ക്രീന്റൈറ്റേര്‍സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബല്‍ ഫിലിംമേക്കിങ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയും ‘ലയേഴ്‌സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മയും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാറും കിരണ്‍ ദാസും ചേര്‍ന്നാണ് എഡിറ്റിംഗ്. സംഗീതം നിര്‍വ്വഹിച്ചത് സാഗര്‍ ദേശായ്. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല