സ്വന്തം ലേഖകന്‍: സെപ്തംബര്‍ 17 ന് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര കൂടി ഇസ്രാഈലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദത്തില്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഗുരുതരമായ നിയമലംഘനമാണെന്നാണ് യു. എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ടെലിവിഷന്‍ പ്രസംഗത്തിനിടയില്‍ നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്.
വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭീകതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സൌദി അറേബ്യ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തിര ഉച്ചകോടി സൌദി വിളിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ നിലപാട് യോഗം പുനപരിശോധിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് ചേര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രധാന മന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ പ്രഖ്യാപനം.
1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലേക്ക് അധിനിവേശം നടത്തുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തോടെ ഇവിടെ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങി. 65000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രയേല്‍ അധിനവേശം നടത്തുമെന്ന പ്രഖ്യാപനം ഗൌരവത്തോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാണുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി സൌദി വിളിച്ചു ചേര്‍ത്തു. കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. നേരത്തെ ചില രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന ചര്‍ച്ചാശ്രമങ്ങള്‍ നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഇസ്രയേലിനെതിരായ നിലപാട് യോഗം പുനപരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല