സ്വന്തം ലേഖകന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരന് നെഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നെഹല്‍ മോദിക്കെതിരെയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട നെഹല്‍ നീരവ് മോദിയെ സഹായിക്കുന്നുണ്ടെന്നും നെഹലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,600 കോടി രൂപ വായ്പയെടുത്ത് അഴിമതി നടത്തിയ ശേഷം നെഹല്‍ മോദി ദുബായിലെയും ഹോങ്കോങ്ങിലെയും എല്ലാ ഡമ്മി ഡയറക്ടര്‍മാരുടെയും സെല്‍ ഫോണുകള്‍ നശിപ്പിക്കുകയും കെയ്റോയിലേക്ക് മാറാനായി അവര്‍ക്ക് വിമാനടിക്കറ്റുകള്‍ എടുത്തുകൊടുത്തതായും ഇ.ഡി കണ്ടെത്തിയിരുന്നു.
നീരവ് മോദിക്കും സഹോദരന് നെഹലിനും എതിരെ നേരത്തെ തന്നെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെല്‍ജിയന്‍ പൗരനായ നെഹല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അടച്ചുപൂട്ടിയ ഫയര്‍സ്റ്റാര്‍ ഡയമണ്ട്സ് യു.എസ്.എയുടെ ഡയറക്ടറായിരുന്നു ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല