സ്വന്തം ലേഖകന്‍: സമ്പദ് രംഗം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
തലക്കെട്ട് സൃഷ്ടിക്കല്‍ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. ദൈനിക് ഭാസ്‌കറിനും ഹിന്ദു ബിസിനസ് ലൈനും നല്‍കിയ അഭിമുഖങ്ങളില്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അഞ്ചിന നിര്‍ദേങ്ങളും അദ്ദേഹം മുന്നോട്ടുവക്കുന്നുണ്ട്.
ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യം. സാമ്പത്തിക വികസനത്തില്‍ ശ്രദ്ധിക്കാതെ സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാര്‍ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ തന്നെ വളരയധികം സമയം നഷ്ടപ്പെട്ട് കഴിഞ്ഞു. പൊടിക്കൈകള്‍ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമാബദ്ധങ്ങള്‍ കൊണ്ടോ പ്രയോജനമില്ല.
തൊഴിലവസരം സൃഷ്ടിക്കാനുള്ള മേഖലകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഉണര്‍വ്വുണ്ടാക്കാന്‍ നിര്‍ദേശങ്ങള്‍ പറയാമോ എന്ന ചോദ്യത്തിന് അഞ്ച് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.
1. ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്ടി നിരക്ക് ഏകീകരിക്കുക
2. കാര്‍ഷിക മേഖല പുനരുദ്ധരിക്കണം, ഗ്രാമീണമേഖലയില്‍ വാങ്ങല്‍ ശേഷി കൂട്ടാന്‍ നടപടി വേണം. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ നിന്ന് തന്നെ വേണമെങ്കില്‍ ക്ലൂ കണ്ടെത്താവുന്നതാണ്
3. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്.
4. ടെക്‌സ്‌റ്റൈല്‍, വാഹനമേഖല, ഇലക്ട്രോണിക്‌സ് രംഗം, നിര്‍മ്മാണ മേഖല പോലെ വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകള്‍ പുനരുജ്ജീവിപ്പിക്കണം. ഇതിനായി വായ്പകള്‍ ലഭ്യമാക്കണം
5. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
ധനകാര്യമന്ത്രി എന്നനിലയിലും പ്രധാനമന്ത്രി എന്ന നിലയിലും സമ്പദ് രംഗത്തെ കരകയറ്റാന്‍ കഴിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോഴത്തേത് മനുഷ്യന്‍ തന്നെ വരുത്തിവച്ച പ്രതിസന്ധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. ഒന്നല്ല രണ്ട് വട്ടം വലിയ ഭൂരിപക്ഷം കിട്ടിയ സര്‍ക്കാരാണിത്. താന്‍ ധനമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായപ്പോഴും ഇതായിരുന്നില്ല സ്ഥിതി. എന്നിട്ട് പോലും വലിയ നേട്ടങ്ങളുണ്ടാക്കാനായി. 1991 ലേയും 2008 ലേയും ആഗോള പ്രതിസന്ധിയില്‍ നിന്ന് വിജയകരമായി കരകയറാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല