സ്വന്തം ലേഖകന്‍: സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥയുണ്ടെന്ന് നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ‘എല്ലാവരും നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും’നന്ദിതാ ദാസ് പറയുന്നു.
‘സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചേരിയിലുള്ള കഥാപാത്രമായോ ഗ്രാമത്തിലുള്ള കഥാപാത്രമായോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, വിദ്യാഭ്യാസമുള്ള, പരിഷ്‌കാരിയായ സ്ത്രീ കഥാപാത്രത്തെ ചെയ്യുമ്പോള്‍ തൊലിയുടെ നിറം വിഷയമാകും. ചര്‍മ്മത്തിന് കുറച്ചുകൂടെ തിളക്കം വേണമെന്നൊക്കെ അവര്‍ ആവശ്യപ്പെടും’നന്ദിതാ ദാസ് പറഞ്ഞു.
ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നമ്മളെ വിലയിരുത്തേണ്ട ആവശ്യമില്ല. നമുക്ക് നമ്മെ തന്നെ വിലയിരുത്താന്‍ മറ്റനേകം കഴിവുകളുണ്ടെന്ന് നന്ദിത പറഞ്ഞു. ‘ഡാര്‍ക് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ക്യാംപയിനോടനുബന്ധിച്ചാണ് നന്ദിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2013 ല്‍ ആരംഭിച്ച ക്യാംപെയിനാണിത്.
‘നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടത്. വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണം. ഇരുണ്ട ചര്‍മ്മമുള്ള 90 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ക്ക് സൗന്ദര്യമില്ല എന്നാണ്.’നന്ദിത പറയുന്നു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.
‘നാനാത്വത്തില്‍ ഏകത്വമെന്നാണ് നമ്മള്‍ പറയുന്നത്. എന്നാല്‍, നമ്മള്‍ അത് ശീലിക്കുന്നില്ല. മതത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍ ഇവിടെ വൈവിധ്യമുണ്ട്. ഇത്തരം വൈവിധ്യങ്ങള്‍ സമൂഹത്തിലുണ്ടെന്ന ധാരണയുണ്ടാക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, എനിക്ക് തോന്നുന്നു നാം ഇത്തരം വൈവിധ്യങ്ങളെയെല്ലാം ആഘോഷിക്കുകയാണ് വേണ്ടത്’നന്ദിത ദാസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല